ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ച അധോലോക കുറ്റവാളി രവി പൂജാരിയെ മാർച്ച് ഏഴ് വരെ ബംഗളൂരു കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകരുതെന്നും കസ്റ്റഡിയില്‍ വിട്ട ശേഷം ഫസ്റ്റ് അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റ് വി.ജഗദീഷ് പറഞ്ഞു. ചോദ്യം ചെയ്യലിന്‍റെ വീഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യാനും പൊലീസിന് നിര്‍ദേശമുണ്ട്. കൊലപാതകം, കൊള്ളയടിക്കല്‍ ഉൾപ്പെടെ ഇരുനൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂജാരിയെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം കെംബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇന്ത്യയിലെത്തിച്ചത്.
2019ന്‍റെ തുടക്കത്തിൽ ഇന്ത്യക്ക് കൈമാറാനുള്ള അഭ്യർഥന മാനിച്ചാണ് പൂജാരിയെ ഫെബ്രുവരി 22ന് സെനഗലിൽ നിന്ന് നാടുകടത്തിയത്. ചോദ്യം ചെയ്യൽ നാളെ മുതൽ ആരംഭിക്കുമെന്നും പൂജാരി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അഡീഷണൽ പൊലീസ് ജനറൽ അമർ കുമാർ പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019ൽ സെനഗലിൽ അറസ്റ്റിലായതിനെത്തുടർന്ന് അധോലോക നായകൻ ഛോട്ടാ രാജനുമായി പിരിഞ്ഞ പൂജാരി ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് രക്ഷപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിൽ ബർകിന ഫാസോ പാസ്‌പോർട്ട് ഉടമയായ ആന്‍റണി ഫെർണാണ്ടസിന്‍റെ തെറ്റായ ഐഡന്‍റിറ്റിയുമായി രവി പൂജാരി ഒളിവിലായിരുന്നുവെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.