ഹൈദരാബാദ്: സാങ്കേതിക വിദ്യ ജനങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ വേരോടി തുടങ്ങിയതോടെ വളരെ വൈകാരികപരമായ വ്യക്തി വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ജനങ്ങള്‍ വിവിധ തരത്തിലുള്ള ഇന്‍റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും, ധന ഇടപാടുകള്‍ നടത്തുന്നതിനും, വിവരങ്ങള്‍ സംഭരിച്ചു വെക്കുന്നതിനും, വിദ്യാഭ്യാസത്തിനും, സാമൂഹ്യ ഇടപഴകലുകള്‍ക്കും ഒക്കെയായി ആശ്രയിച്ചു കൊണ്ടിരിക്കുന്നതിനാലും അതോടൊപ്പം തന്നെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുക എന്നുള്ളത് പുതിയ ഒരു പതിവായി തീർന്നിരിക്കുന്നതിനാലും വ്യക്തികളെ സംബന്ധിച്ചിടത്തോളം സൈബര്‍ സുരക്ഷ എന്നത് നിര്‍ണായക പ്രശ്‌നമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ വ്യക്തിഗത സൈബര്‍ സുരക്ഷാ ഇന്‍ഷുറന്‍സുകള്‍ ഏതാണ്ട് അനിവാര്യമായി തീര്‍ന്നിരിക്കുന്നു.
ജൂണ്‍-19ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി ഇ ആര്‍ ടി-ഇന്‍) ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. കൊവിഡ്-19 മായി ബന്ധപ്പെട്ടുള്ള നടപടികള്‍ എന്ന നിലയില്‍ സര്‍ക്കാരിന്‍റെ ധന സഹായം വിതരണം ചെയ്യുന്നു എന്ന വ്യാജേന ഏതാണ്ട് 20 ലക്ഷം ഇന്ത്യക്കാര്‍ക്കെതിരെ വന്‍ തോതില്‍ ഫിഷിങ്ങ് പ്രചാരണം നിഗൂഢ സൈബര്‍ കുറ്റവാളികള്‍ നടത്തുമെന്നായിരുന്നു ആ മുന്നറിയിപ്പ്. ഗല്‍വാന്‍ താഴ്‌വരയിലെ തര്‍ക്കവും ഇന്ത്യക്കെതിരെ ചൈനയില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങളില്‍ ജൂണ്‍ ആദ്യം മുതല്‍ 200 ശതമാനം വര്‍ദ്ധനക്ക് കാരണമായിരിക്കുന്നു. സൈബര്‍ ഭീഷണി രഹസ്യാന്വേഷണ കമ്പനിയായ സൈഫേമയാണ് ഈ വിവരം പുറത്തു വിട്ടത്.
ഇത്തരം ഒരു കാലഘട്ടത്തില്‍ താന്‍ വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും, സമൂഹത്തിലെ ബഹുമാന്യതയും, മാനസിക ആരോഗ്യവും സംരക്ഷിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയേയും സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറുകയാണ്. സൈബര്‍ സെക്യൂരിറ്റി കവര്‍ ഇക്കാര്യത്തില്‍ അല്‍പ്പം ചില സഹായങ്ങളൊക്കെ ചെയ്യും.
- എന്താണ് വ്യക്തിഗത സൈബര്‍ ഇന്‍ഷുറന്‍സ് പോളിസി?
18 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ വ്യക്തിഗത സൈബര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് യോഗ്യനാണ്. ഒരു സൈബര്‍ ആക്രമണം നടന്നതിലൂടെ സംഭവിക്കുന്ന നഷ്ടങ്ങള്‍ തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ മറി കടക്കുക എന്നുള്ളതാണ് സൈബര്‍ ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പ്രധാനമായും നല്‍കി വരുന്ന പിന്തുണ.
- ആരാണ് വ്യക്തിഗത സൈബര്‍ ഇന്‍ഷുറന്‍സ് ആവശ്യമായിട്ടുള്ളവര്‍?
ഏത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയും (സാധനങ്ങള്‍ വാങ്ങുന്നതിന്, വരിസംഖ്യ അടക്കുന്നതിന്, ബില്ലുകള്‍ അടക്കുന്നതിന്, പണം കൈമാറ്റം ചെയ്യുന്നതിന് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി) ഏത് തരത്തിലുമുള്ള ഓണ്‍ലൈന്‍ പെയ്‌മെന്‍റ് ഇടപാടുകൾ നടത്തുന്ന വ്യക്തികള്‍, പെയ്‌മെന്‍റ് ഗെയ്റ്റ് വേകള്‍ ഉപയോഗിക്കുന്നവര്‍, ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഹോം അസിസ്റ്റ്ന്‍സ് അല്ലെങ്കില്‍ കണക്ടഡ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരൊക്കെയും ഇന്ത്യയില്‍ സൈബര്‍ ഇന്‍ഷുറന്‍സ് വാങ്ങുന്ന കാര്യം തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്.
- ഏതൊക്കെ കമ്പനികളാണ് വ്യക്തിഗത സൈബര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്നത്?
ഇന്ത്യയില്‍ മൂന്ന് പ്രമുഖ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളാണ് വ്യക്തിഗത സൈബര്‍ ഇന്‍ഷൂറന്‍സ് നല്‍കുന്നത്. എച്ച്ഡിഎഫ്സി എര്‍ഗോ, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്, ഐസിഐസിഐ ലൊമ്പാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് എന്നിവയാണവ.
- എന്തൊക്കെ കവര്‍ ചെയ്യപ്പെടുന്നു?
പൊതുവായി പറഞ്ഞാല്‍ വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നത്, സൈബര്‍ ഭീഷണി, സൈബര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, മാല്‍ വെയര്‍ വഴി നുഴഞ്ഞു കയറല്‍, അനധികൃതമായും വ്യാജ വഴികളിലൂടെയും ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചുണ്ടാകുന്ന സാമ്പത്തിക നഷ്ടം, ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റുകള്‍ എന്നിവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ എന്നിവ ഈ ഇന്‍ഷൂറന്‍സിന്‍റെ കവറേജില്‍ ഉള്‍പ്പെടുന്നു. അതുപോലെ ഇന്‍റര്‍നെറ്റില്‍ നിന്നും അപകടകാരികളായ പ്രസിദ്ധീകരണങ്ങള്‍ എടുത്തു മാറ്റി നഷ്ടപ്പെട്ടുപോയ ഡിജിറ്റല്‍ ബഹുമാന്യത തിരിച്ചു പിടിക്കാനാവശ്യമായ എല്ലാ ചെലവുകളും ഈ ഇന്‍ഷൂറന്‍സിലൂടെ പരിഹരിക്കപ്പെടും ചില പോളിസികളിലൂടെ.
- എന്തൊക്കെയാണ് കവര്‍ ചെയ്യാത്തത്?
സത്യസന്ധമല്ലാത്തതും അനുചിതവുമായ പെരുമാറ്റം, ശാരീരികമായ പരിക്ക്/വസ്തുക്കള്‍ക്ക് നഷ്ടം സംഭവിക്കല്‍, നമ്മള്‍ ആവശ്യപ്പെടാതെയുള്ള വാര്‍ത്താ വിനിമയം, അനധികൃതമായി വിവരങ്ങള്‍ ശേഖരിക്കല്‍, അധാര്‍മികവും/അശ്ലീല സേവനങ്ങള്‍ എന്നിവയാണ് സൈബര്‍ ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താത്ത ചില സര്‍വ്വ സാധാരണമായ കാര്യങ്ങള്‍.
അതുപോലെ പോളിസി ആരംഭിക്കുന്നതിനു മുന്‍പ് നിലവില്‍ ഉണ്ടായിരുന്ന വസ്തുതകള്‍ അല്ലെങ്കില്‍ സാഹചര്യങ്ങള്‍ മൂലം ഉയര്‍ന്നു വരുന്ന ക്ലെയിമുകളും ഈ പോളിസികള്‍ അനുവദിക്കുന്നതല്ല. ഏതെങ്കിലും സര്‍ക്കാര്‍ അധികൃതരുടെ ഉത്തരവിലൂടെ സംഭവിച്ച നഷ്ടം അല്ലെങ്കില്‍ കേടുപാടുകള്‍ എന്നിവയും സാധാരണയായി ഈ കവറേജില്‍ ഉള്‍പ്പെടുന്നില്ല.
- വ്യക്തിഗത സൈബര്‍ ഇന്‍ഷൂറന്‍സിന്‍റെ ചെലവ് എത്രയാണ്?
വ്യക്തിഗത സൈബര്‍ ഇന്‍ഷൂറന്‍സിനുള്ള പ്രീമിയം നിരക്കുകള്‍ ഒരു ലക്ഷം രൂപക്ക് ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ ഏതാണ്ട് 600 രൂപ എന്ന നിരക്കില്‍ ആരംഭിക്കുന്നു.
* എച്ച്ഡിഎഫ്സി എര്‍ഗോ നല്‍കുന്ന ഇ-@സെക്യൂർ എന്ന പോളിസി പ്രതിവര്‍ഷം ഏതാണ്ട് 1500 രൂപ മുതല്‍ ആരംഭിക്കുന്ന പ്രീമിയങ്ങള്‍ക്ക് 50000 മുതല്‍ 1 കോടി രൂപ വരെ ഉറപ്പ് നല്‍കുന്നു.
* ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് നല്‍കുന്ന സൈബര്‍ സേവ് എന്ന പോളിസിക്ക് പ്രതിവര്‍ഷം 700 മുതല്‍ 9000 രൂപ വരെയുള്ള പ്രീമിയങ്ങള്‍ ഒരു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള കവറേജ് നല്‍കുന്നു.
* ഐസിഐസിഐ ലൊമ്പാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് നല്‍കുന്ന റീട്ടെയില്‍ സൈബര്‍ ലയബിലിറ്റി ഇന്‍ഷൂറന്‍സ് പോളിസി 50000 രൂപ മുതല്‍ 1 കോടി രൂപ വരെയുള്ള പോളിസികള്‍ക്ക് പ്രതിദിനം 6.5 രൂപ മുതല്‍ 65 രൂപ വരെയുള്ള പ്രീമിയങ്ങളാണ് ഈടാക്കുന്നത്.
- പോളിസികള്‍ വാങ്ങുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍
തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി പോളിസി കവര്‍ ചെയ്യുന്നുണ്ടോ എന്ന് വ്യക് തികള്‍ പരിശോധിക്കേണ്ടതാണ്. അതിനാല്‍ എന്തൊക്കെയാണ് കവറേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ഒഴിവാക്കിയിരിക്കുന്നത് എന്നും വളരെ ശ്രദ്ധയോടെ പരിശോധിക്കണം. എന്നാല്‍ മാത്രമേ സ്വന്തം ആവശ്യങ്ങള്‍ എല്ലാം പോളിസി കൊണ്ട് സാധിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ കഴിയൂ. അതോടൊപ്പം തന്നെ ഫാമിലി ഫ്‌ളോട്ടര്‍ പോംവഴികള്‍ ഉണ്ടോ എന്നു കൂടി പരിശോധിക്കുക. അതുവഴി ഏറ്റവും ചുരുങ്ങിയ പ്രായപരിധി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ നിങ്ങളുടെ ഭാര്യക്കും കുട്ടികള്‍ക്കും എല്ലാം കവറേജ് ലഭിക്കും.
- എങ്ങനെ വാങ്ങും?
ഈ പോളിസികളില്‍ മിക്കവയും അതാത് കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി തന്നെ വാങ്ങാന്‍ കഴിയും. പോളിസി പ്രപ്പോസല്‍ രേഖകള്‍ പൂരിപ്പിച്ച ശേഷം ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ പോളിസി രൂപം നല്‍കി മെയിലിലൂടെ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ രജിസ്റ്റര്‍ ചെയ് ത ഇ-മെയില്‍ ഐഡിയില്‍ അയച്ചു തരും. ഈ കമ്പനികളുടെ രജിസ്‌റ്റേര്‍ഡ് ഓഫീസുകളില്‍ നേരിട്ടു ചെന്ന് അപേക്ഷ നല്‍കിയും പോളിസികള്‍ വാങ്ങാവുന്നതാണ്.