ആഗ്ര: ലോക് ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് യാത്ര തിരിച്ച യുവാവ് വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലെ മുറൈനയിലേക്ക് നടന്ന രണ്‍വീര്‍ സിംഗ് (39) ആണ് മരിച്ചത്. ഡല്‍ഹി തുഗ്ലക്കാബാദില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു രണ്‍വീര്‍ സിംഗ്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു.
200 കിലോമീറ്ററോളം പിന്നിട്ട് ആഗ്രയിലെത്തിയ ശേഷം ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. മൂന്നു ദിവസം വിശ്രമമില്ലാതെ യാത്ര ചെയ്താണ് മൂവരും ആഗ്രയിലെത്തിയത്. മുറൈനയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് മരണം സംഭവിച്ചത്.
ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട നിരവധി തൊഴിലാളികളാണ് വന്‍ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്നത്. വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ എല്ലാവരും കാല്‍നടയായാണ് യാത്ര.