ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച് ലോകത്താകമാനം 25 ദശലക്ഷത്തിലധികം ആളുകൾക്ക് പടർന്ന് പിടിച്ച കൊറോണ വൈറസ് പ്രകൃതിദത്ത വൈറസല്ലെന്നും ഒരു ലബോറട്ടറിയിൽ സൃഷ്ടിച്ചതാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇനി മുതൽ കൊവിഡിനൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ടെന്നും കൊറോണ ഒരു പ്രകൃതി വൈറസല്ലാത്തതിനാൽ ആ ജീവിതരീതി വളരെ പ്രധാനമാണെന്നും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ കൊവിഡിനെതിരെ ഒരു വാക്‌സിൻ തയാറാക്കാനുള്ള ഗവേഷണം നടത്തുകയാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞു. കൊവിഡ് മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറാണെന്ന് ഗഡ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മാരകമായ പകർച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് ആദ്യമായാണ് ഇന്ത്യൻ സർക്കാർ അഭിപ്രായം പറയുന്നത്. മിക്ക രാജ്യങ്ങളും വുഹാനിലെ ഒരു ലാബിൽ തയാറാക്കിയതാണ് കൊറോണ വൈറസ് എന്ന് ആരോപിക്കുന്ന ഈ സാഹചര്യത്തിൽ മുതിർന്ന കാബിനറ്റ് മന്ത്രിയുടെ പ്രസ്താവന പ്രധാനമാണ്.മധ്യ ചൈനയുടെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ ലാബുകളിലാണ് കൊറോണ വൈറസുകളെ സൃഷ്ടിച്ചതെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിക്കുന്ന സമയത്താണ് ഗഡ്കരിയുടെ പ്രസ്താവന.
ലോകമെമ്പാടും വൈറസ് പടരാൻ ചൈന കാരണമായതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പലതവണ കുറ്റപ്പെടുത്തിയിരുന്നു. ചൈനീസ് വൈറസ് എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തുന്നതിനെതിരെ ട്രംപും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽ വാക്കു തർക്കം നിലനിൽക്കുകയാണ്.