ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഞായറാഴ്ച നടന്ന അക്രമസംഭവങ്ങള്‍ നീണ്ടുനിന്നത് അരമണിക്കൂറോളമെന്ന് ഡല്‍ഹി പൊലീസ്. വിവേകാനന്ദ പ്രതിമയ്ക്കു സമീപം തടിച്ചു കൂടിയ എബിവിപി വിദ്യാര്‍ഥി സംഘടനകളും ഇടതു വിദ്യാര്‍ഥി സംഘടനകളും വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് വൈകുന്നേരത്തോടെ പെരിയാര്‍ ഹോസ്റ്റലില്‍ ലാത്തിയുമായി അക്രമികള്‍ വിദ്യാര്‍ഥികളെ അക്രമിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ഡിസിപി കാമ്പസിലെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയും പ്രധാന ഗേറ്റ് അടക്കുകയും ചെയ്തു. പുറത്തു നിന്നാരെയും കാമ്പസിനകത്തേക്ക് അനുവദിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
കാമ്പസില്‍ നടന്ന സമാധാന ചര്‍ച്ച എബിവിപി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഒക്ടോബർ 28 മുതൽ ജെഎൻയു വിദ്യാർഥികൾ ആറ് തവണ ചട്ടം ലംഘിച്ചുവെന്നും സർവകലാശാലയിൽ നിന്ന് പുറത്തുവന്ന് ഗതാഗതം തടസ്സപ്പെടുത്തുകയും സെക്ഷൻ 144 ലംഘിക്കുകയും ചെയ്തുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ജനുവരി 5 ന് മുഖംമൂടി ധരിച്ച അക്രമിസംഘം വിദ്യാർഥികളെ വടികൊണ്ട് ആക്രമിച്ചു. ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെ 30 ലധികം വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും എയിംസ് ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.