കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. കൊല്‍ക്കത്ത കോളേജ് സ്ട്രീറ്റിന് സമീപം എബിവിപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. റോഡ് ഷോയില്‍ പങ്കെടുത്ത അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് അക്രമ പരമ്പര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. ക്യാമ്പസില്‍ നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ റോഡിന്‍റെ വശങ്ങളില്‍ ഉണ്ടായിരുന്ന മോട്ടോര്‍ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തീവെച്ചു നശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തൃണമൂല്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചെന്നും ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും ബിജെപി ആരോപിച്ചു. റോഡ് ഷോയ്ക്ക് മുന്നോടിയായി തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിയുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും നശിപ്പിച്ചതായും ആരോപണമുണ്ട്.
ജാദവ്പൂരിലെ റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ റാലി നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് തൃണമൂല്‍ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. വോട്ടെടുപ്പ് ദിവസങ്ങളിലും പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.