ന്യൂഡൽഹി: വികാസ് ദുബെ ഏറ്റുമുട്ടൽ കേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ പുനഃക്രമീകരിക്കണമെന്നും മുൻ ഡിജിപി കെ.എൽ ഗുപ്തയെ സംഘത്തിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.
എട്ട് പൊലീസുകാരെ കൊന്ന കൊടുംകുറ്റവാളി വികാസ് ദുബെ പിന്നീടുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് അന്വേഷണത്തിനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ ചെയർമാനായി സുപ്രീം കോടതി മുൻ ജസ്റ്റിസ് ബി.എസ് ചൗഹാനെ നിയമിക്കുന്നതിനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ കരട് വിജ്ഞാപനത്തിന് സുപ്രീം കോടതി അംഗീകാരവും നൽകി.
ഹൈക്കോടതി മുൻ ജസ്റ്റിസ് ശശി കാന്ത് അഗർവാൾ, ഉത്തർപ്രദേശ് റിട്ടയേർഡ് ഡയറക്ടർ ജനറൽ കെ.എൽ ഗുപ്ത എന്നിവരായിരുന്നു അന്വേഷണ കമ്മിഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. എന്നാൽ അന്വേഷണത്തിൽ പക്ഷപാതമുണ്ടാകാമെന്ന് ആരോപിച്ച് ഗുപ്തയ്ക്ക് പകരം മറ്റൊരാളെ നിയമിക്കണമെന്നാണ് അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
ഐ.സി ദിവേദി, ജാവീദ് അഹമ്മദ്, പ്രകാശ് സിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും മുൻ ഡിജിപിമാരെ ഗുപ്തയ്ക്ക് പകരം നിയോഗിക്കാൻ അവസ്തി നിർദേശിച്ചിട്ടുണ്ട്.