ലക്‌നൗ: കാണ്‍പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ കൊള്ളയടിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസ് സംഘം ബിക്രു ഗ്രാമത്തിലെത്തി. കൊടും കുറ്റവാളി വികാസ് ദുബെയ്‌ക്കായി ജൂലായ് 2,3 തീയതികളിലായി നടന്ന തിരച്ചിലിനിടെയുണ്ടായ വെടിവെപ്പില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. എകെ 47, ഇന്‍സാസ് റൈഫിളുകള്‍ക്കായാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. 24 മണിക്കൂറിനുള്ളില്‍ ആയുധങ്ങള്‍ കൈമാറാന്‍ സംഘം ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം കര്‍ശന നടപടിയെടുക്കുമെന്ന സംഘം മുന്നറിയിപ്പ് നല്‍കി. ഗ്രാമീണരുമായി പൊലീസ് സംഘം ചര്‍ച്ച നടത്തുകയും ചെയ്‌തു. കഴിഞ്ഞ ആഴ്‌ച വികാസ് ദുബെയ്‌ക്കായി ബിക്രു ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് പൊലീസുകാരുടെ തോക്കടക്കമുള്ള ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്.
മേഖലയില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പൊലീസിനൊപ്പം റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിന്‍ കാളി ക്ഷേത്രത്തില്‍ വെച്ചാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വെള്ളിയാഴ്‌ചയാണ് വികാസ് ദുബെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാളെ കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. നെഞ്ചിലും കൈയിലും വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.