ബെംഗളൂരു: കര്‍ണാടകയില്‍ മുപ്പത്തൊന്നാമത് ജില്ലയായി വിജയനഗരയ്‌ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഖനികളുടെ കേന്ദ്രമായ ബെല്ലാരിയുടെ ഭാഗമായിരുന്നു വിജയനഗര. ജില്ലാരൂപീകരണത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടുത്ത ക്യാബിനറ്റ് യോഗത്തില്‍ വെളിപ്പെടുത്തുമെന്ന് നിയമ പാര്‍ലമെന്‍ററികാര്യ മന്ത്രി ജെസി മധുസ്വാമി വ്യക്തമാക്കി. വിജയനഗര ജില്ലയ്‌ക്കായി മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയനഗര സ്രാമാജ്യത്തിന്‍റെ തലസ്ഥാനമായ ഹംമ്പി ഉള്‍പ്പെടുന്ന പ്രത്യേക ജില്ല വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് വനം മന്ത്രിയും ബെല്ലാരി ജില്ലയുടെ ചുമതല വഹിക്കുന്ന അനന്ദ് സിങ് വ്യക്തമാക്കി. ബെല്ലാരി ജില്ലയിലെ പടിഞ്ഞാറന്‍ താലൂക്കുകളിലെ ജനങ്ങളുടെ സ്വപ്‌നം പൂര്‍ത്തിയായെന്ന് അനന്ദ് സിങ് കൂട്ടിച്ചേര്‍ത്തു.
ജില്ലാരൂപീകരണത്തിനുള്ള നടപടി ക്രമങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ബിജെപിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായിരുന്നു. ആരോഗ്യമന്ത്രി ബി ശ്രീരാമലു, എംഎല്‍എ സോമശേഖര്‍, കരുണാകര റെഡ്ഡി എന്നീ ബിജെപി നേതാക്കളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. വിജയനഗര ജില്ലയ്‌ക്കായി വാദിച്ച അനന്ദ് സിങ് നേരത്തെ കുമാരസ്വാമി സര്‍ക്കാരില്‍ നിന്ന് രാജി വെച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന അനന്ദ് സിങ് പിന്നീട് വിജയനഗര സീറ്റില്‍ നിന്ന് വിജയിക്കുകയായിരുന്നു.
ബെല്ലാരി ജില്ലയുടെ വിഭജനവുമായി ബന്ധപ്പെട്ട് നിരവധി ആശയക്കുഴപ്പങ്ങളുണ്ടെന്നും ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്‌തെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി ശ്രീരാമലു വ്യക്തമാക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ നിന്ന് കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് നാലും സീറ്റ് ലഭിച്ചിരുന്നു.