ഗാന്ധിനഗർ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന് ഗുജാറത്തില്‍ ബിജെപി സർക്കാർ ചെലവഴിച്ചത് 100 കോടിയെന്ന കണക്ക് തള്ളി മുഖ്യമന്ത്രി വിജയ് രൂപാണി. 12.5 കോടി മാത്രമാണ് ചെലവായതെന്നും ഒരുക്കങ്ങൾക്കായി സംസ്ഥാന സർക്കാർ 8 കോടി രൂപയും അഹമ്മദാബാദ് മുൻസിപ്പല്‍ കോർപ്പറേഷൻ 4.5 കോടിയുമാണ് അനുവദിച്ചതെന്നും അദ്ദേഹം നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സർക്കാർ ട്രംപിന്‍റെ സന്ദർശനത്തിന് നൂറ് കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഡൊണാൾഡ് ട്രംപിന്‍റെ മൂന്ന് മണിക്കൂർ സന്ദർശനത്തിന് സംസ്ഥാന സർക്കാർ 100 കോടി ചെലവാക്കിയെന്ന് കോൺഗ്രസ് നേതാവ് അർജുൻ മോദ്‌വാഡ ട്വീറ്റ് ചെയ്തിരുന്നു.
ജനങ്ങൾക്ക് എവിടെ നിന്നാണ് 100 കോടിയെന്ന കണക്ക് കിട്ടിയതെന്ന് മനസിലാവുന്നില്ല. സർക്കാർ 8 കോടി മാത്രമാണ് അനുവദിച്ചത്. കോർപ്പറേഷൻ 4.5 കോടിയും അനുവദിച്ചുവെന്നും പ്രമേയത്തെക്കുറിച്ചുള്ള ചർച്ചക്ക് മറുപടിയായി വിജയ് രൂപാണി പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തിന് സമീപം നിർമിച്ച റോഡുകൾക്ക് നേരത്തെ തന്നെ കോർപ്പറേഷൻ തുക അനുവദിച്ചതാണ് ഈ റോഡുകൾ ജനങ്ങൾക്കുള്ളതാണ് കാരണം ട്രംപ് പോയി. ട്രംപിന്‍റെ സന്ദർശനത്തില്‍ എല്ലാവരും അഭിമാനിക്കുന്നുവെന്നാണ് എന്‍റെ വിശ്വാസം. പ്രത്യേകിച്ച് അമേരിക്കയിലെ ഗുജറാത്തി പ്രവാസികളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ട്രംപ് അഹമ്മദാബാദിൽ 22 കിലോമീറ്റർറോളം നടന്ന റോഡ് ഷോയിൽ പങ്കെടുക്കുകയും 1.10 ലക്ഷത്തിലധികം ആളുകളെ മൊട്ടേര സ്റ്റേഡിയത്തിൽ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.