സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളുടെ സമഗ്രമായ വികസനത്തിലേക്ക് ഏറെ സംഭാവന ചെയ്തവരാണ് ദശലക്ഷ കണക്കിനു വരുന്ന അവിടുത്തെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍. അതോടൊപ്പം തന്നെ പെട്രോഡോളറുകളിലൂടെ നാട്ടിലെ കുടുംബങ്ങളെ സമ്പന്നമാക്കുകയും ചെയ്തു ഈ വിഭാഗം ജനങ്ങള്‍. മധ്യവര്‍ത്തികളിലും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളിലും വിശ്വസിച്ച് മധ്യപൂര്‍വ്വേഷ്യയിലെ മരുഭൂമികളിലേക്ക് യാത്ര ചെയ്തെത്തിയ ആയിരക്കണക്കിനു തൊഴിലാളികള്‍ പ്രതീക്ഷകളെല്ലാം കൈവിട്ടു കൊണ്ട് ഒടുവില്‍ അവിടുത്തെ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ ജീവിതം ഹോമിക്കേണ്ടി വരുന്നു. നല്ല കാലത്ത് ഈ ഗള്‍ഫിലെ തൊഴിലാളികളെ അവര്‍ രാജ്യത്തിനു നല്‍കുന്ന വിലപിടിപ്പുള്ള വിദേശ നാണ്യത്തിന്‍റെ പേരില്‍ വാനോളം പുകഴ്ത്താറുള്ള സര്‍ക്കാരുകള്‍, അതേ തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതങ്ങള്‍ നേരിട്ട് സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ചു കൊണ്ട് മാതൃ രാജ്യത്തേക്ക് മടങ്ങാനാവാതെ വിദേശ മണ്ണില്‍ അലയുമ്പോള്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
സര്‍ക്കാരുകള്‍ കാണിക്കുന്ന ഈ അവഗണനയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഒരു പൊതുജന താല്‍പ്പര്യ ഹർജി ഈയിടെ സമര്‍പ്പിക്കപ്പെടുകയുണ്ടായി. ജസ്റ്റിസ് എം. വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 12 സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം സിബിഐയ്ക്കും ഇതുമായി ബന്ധപ്പട്ടു നോട്ടീസ് നല്‍കുകയുണ്ടായി. ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഗള്‍ഫ്-തെലങ്കാന വെല്‍ഫെയര്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ നല്‍കിയ ഈ കേസ് ഒന്നിലധികം നിര്‍ണ്ണായക വിഷയങ്ങളെ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്ന 8189 ഇന്ത്യക്കാർക്ക് നിയമ സഹായം നല്‍കുന്നതിനും, അവർക്ക് വേണ്ടി നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ജയില്‍ കഴിയുന്ന ഇവരില്‍ 44 പേര്‍ വധശിക്ഷ നേരിടുന്നവരാണ്. അതോടൊപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്നവരുടെ മൃതശരീരങ്ങള്‍ അവരുടെ ജന്മനാടുകളിലേക്ക് എത്തിക്കുന്നതിനാവശ്യമായ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹരജിക്കാര്‍ കോടതിയോട് അഭ്യർഥിക്കുന്നു. പാക്കിസ്ഥാന്‍, ശ്രീലങ്ക, ചൈന, ബംഗ്ലാദേശ് എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ നാട്ടുകാരായ തൊഴിലാളികളെ തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കവെ, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ അലംഭാവത്തോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത് എന്നുള്ളതാണ് പരാതി! അതുപോലെ അനധികൃതമായി നിരക്ഷരരായ തൊഴിലാളികളെ വിദേശങ്ങളിലേക്ക് കടത്തുന്നതും, അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കുറ്റകൃത്യങ്ങളും ആഭ്യന്തര തലത്തില്‍ അന്വേഷിക്കുന്നതിനായി സിബിഐയെ നോഡല്‍ ഏജന്‍സിയായി നിയമിക്കണമെന്നും ഈ ഹർജിയിലൂടെ കോടതിയോട് അഭ്യർഥിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടു വേലക്കാരായി പോയിരിക്കുന്ന നിരക്ഷരരായ നിരവധി പാവപ്പെട്ട സ്ത്രീകളെയും, പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹത്താല്‍ അവിടെ എത്തി ചേര്‍ന്നതിനു ശേഷം അടിമകളായി വില്‍ക്കപ്പെട്ടും വേശ്യാലയങ്ങളില്‍ തള്ളപ്പെട്ടും കഴിയുന്ന പാവപ്പെട്ട ഒട്ടേറെ ഇന്ത്യക്കാരെയും നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ട അടിയന്തിരമായ പരിഹാരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കേണ്ടതുണ്ട്.
വിദേശ കാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 6 ഗള്‍ഫ് രാജ്യങ്ങളിലായി 85 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്തു വരുന്നത്. ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2016നും 19നും ഇടയില്‍ വിവിധ തരത്തിലുള്ള പീഢനങ്ങള്‍ നേരിടുന്നത് സംബന്ധിച്ച 77,000-ത്തിലധികം പരാതികള്‍ ലഭിക്കുകയും അതില്‍ തന്നെ 36 ശതമാനം പരാതികളും സൗദി അറേബ്ബ്യയില്‍ നിന്നുള്ളവയാണെന്നുമാണ്. മാത്രമല്ല, യഥാര്‍ത്ഥത്തിലുള്ള ദുരിതം അനുഭവിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ലഭിച്ചിരിക്കുന്ന പരാതികളുടെ എണ്ണം എത്രയോ തുഛമാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ശമ്പളം നല്‍കാതിരിക്കല്‍, തൊഴില്‍ അവകാശങ്ങള്‍ ലംഘിക്കല്‍, താമസിക്കുവാനുള്ള പെര്‍മിറ്റുകള്‍ നിഷേധിക്കുക, വൈദ്യ സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കുക, അതുപോലെ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരങ്ങള്‍ നല്‍കാതിരിക്കുക എന്നിങ്ങനെ ജീവിതവും മരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് ഗള്‍ഫ് നാടുകളിലെ തൊഴിലാളികള്‍ നേരിടുന്നത്. 2014-നും 2019-നും ഇടയില്‍ ഏതാണ്ട് 34000 കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടത് സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ഒരു പ്രശ്‌നമേ അല്ല എന്നു വേണം കരുതുവാന്‍!
2016 ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് താന്‍ ബോധാവാനാണെന്നും അവ പരിഹരിക്കുവാന്‍ നേതാക്കന്മാരുമായി ചര്‍ച്ച നടത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പൊന്നും സ്ഥിതി ഗതികള്‍ മെച്ചപ്പെടുവാന്‍ സഹായകരമായിട്ടില്ല എന്നാണ് നിലവിലെ പരാതി പ്രവാഹങ്ങള്‍ തെളിയിക്കുന്നത്. 2012നും 2017നും ഇടയില്‍ കുടിയേറ്റ ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന മൊത്തം പണം 41,000 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. അതില്‍ തന്നെ ഏതാണ്ട് 21,000 കോടി ഡോളര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രം വരുന്നതാണ്. രാജ്യത്തിനു വേണ്ടി അമൂല്യമായ വിദേശ നാണ്യം സമ്പാദിച്ചു തരുന്ന ഈ കഠിനാധ്വാനികളായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതോടൊപ്പം തന്നെ വഞ്ചകരുടെ പിടിയില്‍പ്പെട്ട് ഈ പാവങ്ങളുടെ ജീവിതം ചതഞ്ഞരയാതിരിക്കുവാന്‍ എല്ലാ നടപടികളും സര്‍ക്കാരുകള്‍ കൈകൊള്ളേണ്ടതുണ്ട്. തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ഗള്‍ഫ് സ്വപ്നം കാണുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ സ്വപ്നങ്ങളെ മുതലെടുക്കുന്ന 29 അനധികൃത ഏജന്‍സികള്‍ ഉണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല, മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തരം ഏജന്‍സികളുടെ എണ്ണം 85 ആയി ഉയര്‍ന്നിരിക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ കുടിയേറ്റം നിയമപരമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങള്‍ സുരക്ഷിതമായ ഒരു വ്യവസ്ഥ രൂപപ്പെടുത്തുമ്പോള്‍, തൊഴില്‍ പടക്കും, തൊഴിലിടങ്ങളില്‍ അവരുടെ അവകാശങ്ങള്‍ക്കും സമ്പൂര്‍ണ്ണമായ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുവാന്‍ അതാത് സര്‍ക്കാരുകള്‍ക്ക് കഴിയുന്ന തരത്തിലുള്ള ഒരു ശക്തമായ സംവിധാനം കേന്ദ്ര സര്‍ക്കാരും രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. ഈ വഴിയിലൂടെ മാത്രമേ വിജയകരമായ ഒരു കുടിയേറ്റ സംവിധാനം ഉറപ്പാക്കുവാന്‍ കഴിയുകയുള്ളൂ.