ന്യൂഡല്‍ഹി: 'അൺലോക്ക് വണ്ണിലൂടെ' ഘട്ടംഘട്ടമായി ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുകയാണ് കേന്ദ്ര സർക്കാർ. ജൂൺ എട്ട് മുതല്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകൾ നല്‍കുന്നതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
കടുത്ത നിയന്ത്രണങ്ങളില്‍ നിന്നുള്ള ഈ തിരിച്ചുവരവ് എല്ലാവരും ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ലോക്ക് ഡൗൺ നാലാം ഘട്ടം മെയ് 31ന് അവസാനിച്ചതോടെ പുതിയ ഒരു തുടക്കമാണ് ജനങ്ങൾക്ക് ലഭിക്കുക.
ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തില്‍ നല്‍കിയ ഇളവുകളിലൂടെ രാജ്യത്തെ വൈറസ് അണുബാധയുടെ നിരക്കില്‍ വലിയ വർധനവുണ്ടായി. അൺലോക്ക് - വൺ പ്രഖ്യാപിച്ച മെയ് 30ന് രാജ്യത്ത് പുതുതായി എണ്ണായിരത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളിലും 4500ല്‍ കൂടുതല്‍ പട്ടണങ്ങളിലും താമസിക്കുന്ന 130 കോടി ജനങ്ങൾ നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നിരുന്നുവെങ്കില്‍, പുതിയ അൺലോക്ക് വൺ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ തീവ്രബാധിത മേഖലകളിലേക്ക് മാത്രമായി നിയന്ത്രണങ്ങൾ ചുരുങ്ങി.
കൊവിഡ് വൈറസ് മൂലം കഴിഞ്ഞ രണ്ട് മാസങ്ങളിലെ നിയന്ത്രണങ്ങൾ ജീവിതത്തിന് എത്രത്തോളം പ്രധാനമാണെന്നും, വൈറസ് എത്രത്തോളം ഭീഷണിയാണെന്നും, ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാമെന്നും നമ്മളെ പഠിപ്പിച്ചു.
രാജ്യത്ത് 6000ത്തോളം കണ്ടെയ്‌ൻമെന്‍റ് സോണുകളാണുള്ളത്. കണ്ടെയ്‌ൻമെന്‍റ് സോണുകൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നല്‍കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരുമായി ചേർന്ന് വൈറസിനെതിരെ പോരാടുന്നതിൽ സംസ്ഥാനങ്ങൾ ഇതുവരെ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കാൻ കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ അൺലോക്ക് - വണ്ണിനെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സർക്കാരുകളുടെ പങ്ക് വലുതാണ്. എന്നിരുന്നാലും അവസാന വിജയം നമ്മുടേതായിരിക്കും.