ഗാന്ധിനഗർ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനാവശ്യമുള്ള പണം സ്വരൂപിക്കുന്നതിനായി ഗുജറാത്തിലെ ഗ്രാമങ്ങൾ സന്ദർശിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ജനുവരി 15 മുതലാണ് ഫണ്ട് സംഭരണം ആരംഭിക്കുന്നത്. ഗുജറാത്തിലെ പതിനെണ്ണായിരത്തോളം ഗ്രാമങ്ങളിലാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവർത്തകർ എത്തുന്നത്.
അതേസമയം ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി 5.23 ലക്ഷം ഗ്രാമങ്ങളിൽ താമസിക്കുന്ന 65 കോടി ഹിന്ദുക്കളെ സമീപിക്കാൻ രാജ്യത്തൊട്ടാകെയുള്ള 40 ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുമെന്ന് വിഎച്ച്പി ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.
ക്ഷേത്ര നിർമാണത്തിനായി ജൈന സമൂഹം 25 കിലോഗ്രാം വെള്ളി ഇഷ്ടിക സമ്മാനിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നോ ബിസിനസുകാരിൽ നിന്നോ പണം സ്വീകരിക്കേണ്ട എന്നാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. മറിച്ച് രാജ്യത്തിന്‍റെ മുഴുവൻ സംഭാവനയോടെയാണ് രാമക്ഷേത്രം പണിയുകയെന്നും അദ്ദേഹം പറഞ്ഞു.
സൂറത്തിലെ പ്രമുഖ ഡയമണ്ട് പോളിഷിംഗ് കമ്പനിയായ ശ്രീരാമകൃഷ്ണ എക്‌സ്‌പോർട്ട്സ് സ്ഥാപക ചെയർമാൻ ഗോവിന്ദ് ധോളാകിയയെ ഗുജറാത്തിൽ ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നൽകുന്ന വിഎച്ച്പിയുടെ സമിതിയുടെ ചെയർമാനായി നിയമിച്ചതായും മുതിർന്ന വിഎച്ച്പി പ്രവർത്തകൻ പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു.