ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിംങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള മഹാവികാസ് ആഘാഡി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഇതിലൂടെ ന്യൂനപക്ഷ പ്രീണനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദേ ആരോപിച്ചു. സര്‍ക്കാര്‍ നീക്കം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം വിദ്യാർഥികൾക്ക് അഞ്ച് ശതമാനം അധിക സംവരണം ഏര്‍പ്പെടുത്തുമെന്ന് ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നവാബ് മാലിക് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതിന് പുറമേ സംസ്ഥാനത്തെ പിന്നാക്ക മുസ്‌ലിങ്ങള്‍ക്ക് തൊഴിൽ സംവരണം നല്‍കുന്ന വിഷയവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിഷയത്തില്‍ തര്‍ക്കം നില നില്‍ക്കുന്നതിനാല്‍ എന്‍സിപി-ശിവസേന-കോൺഗ്രസ് പാർട്ടികൾ ഉൾപ്പെട്ട മഹാവികാസ് ആഘാഡി സർക്കാരിലെ എല്ലാ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.