പനാജി : വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി 'ഗോ എയർ' വിമാന സർവീസുകൾ മൂന്ന് ആയി ചുരുക്കി സർവീസ് അവസാനിപ്പിച്ചു. കുവൈറ്റിൽ നിന്ന് അഹമ്മദാബാദിലേക്കും ദമാം മുതൽ ലഖ്‌നൗ വരെയും അബുദാബി മുതൽ അഹമ്മദാബാദ് വരെയുമാണ് അവസാന ഘട്ടത്തിൽ സർവീസ് നടത്തിയിരുന്നത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ജൂൺ 20 വരെ 'ഗോ എയറിന്‍റെ' 28 സ്വകാര്യ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു.
മൊത്തം 2,451 ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ നിന്ന് ഗോ എയർ വിമാനങ്ങൾ വഴി അഹമ്മദാബാദ്, കണ്ണൂർ, കൊച്ചി, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് മടങ്ങി എത്തി. ബന്ധപ്പെട്ട സർക്കാരുകൾ മുന്നോട്ടുവച്ച എല്ലാ മുൻകരുതൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് ഗോ എയർ വിമാന സർവ്വീസ് നടത്തിയത്. സൗദി അറേബ്യ സർക്കാരിനോട് ഗോ എയർ നന്ദി അറിയിച്ചു. യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ഇന്ത്യൻ സർക്കാരുകളും, വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, റിയാദ്, അബുദാബി, ദുബായ്, മസ്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾക്കും ഗോ എയർ നന്ദി അറിയിച്ചു. ആവശ്യമായ എല്ലാ പിന്തുണയും നൽകിയ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, കർണാടക സംസ്ഥാന സർക്കാരുകൾക്കും നന്ദി പറയുന്നതായി ഗോ എയർ വക്താവ് പറഞ്ഞു.