ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ടൂറിസം വകുപ്പ് മന്ത്രിയായ സദ്‌പാൽ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ മകനും മരുമകൾക്കും ഉൾപ്പെടെ നാല് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപാണ് സദ്‌പാൽ മഹാരാജ് ക്യാബിനറ്റ് മീറ്റിൽ പങ്കെടുത്തത്. നിലവിൽ മന്ത്രിയും കുടുംബാംഗങ്ങളും ഹോം ക്വാറന്‍റൈനിലാണ്.
ടൂറിസം മന്ത്രിയുടെ വസതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ 41 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. തുടർന്ന് നാല് കുടുംബാംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ വൈരുദ്ധ്യത്തെ തുടർന്ന് ഒരു കുടുംബാംഗത്തിന്‍റെ സാമ്പിൾ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥർ മന്ത്രിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സദ്‌പാൽ മഹാരാജിന്‍റെ ഭാര്യയും മുൻ മന്ത്രിയുമായ അമൃത റാവത്തിന് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.