ലഖ്‌നൗ: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ 35 ലക്ഷത്തോളം അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശില്‍ നിന്ന് അവരുടെ ജൻമനാടുകളിലേക്ക് തിരിച്ചയച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനം വലിയ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഓരോ അതിഥി തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് 1,000 രൂപ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 104.82 കോടി രൂപ 10, 48166 അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും. നേരത്തെ 611 കോടി രൂപ അതിഥി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.
കൊവിഡ് കാലത്ത് റവന്യൂ വകുപ്പും ദുരിതാശ്വാസ കമ്മിഷണറുടെ ഓഫീസും പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചു. 35 ലക്ഷത്തോളം അതിഥി തൊഴിലാളികളെ സുരക്ഷിതമായി അവരവുടെ നാടുകളില്‍ എത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമായിരിക്കും ഇതെന്നും ആദിത്യനാഥ് പറഞ്ഞു. ലോക്ക് ഡൗണിന്‍റെ ആദ്യദിനം മുതല്‍ എല്ലാ ദിവസവും 12 മുതൽ 15 ലക്ഷം വരെ ആളുകൾക്ക് സമൂഹ അടുക്കളകളിലൂടെ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികൾക്കായി 1,650ലധികം ശ്രമിക് ട്രെയിനുകൾ സര്‍വീസ് നടത്തി. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോർപ്പറേഷൻ ബസുകളും മറ്റ് സ്വകാര്യ ബസുകളും അതിഥി തൊഴിലാളികളുടെ യാത്രക്കായി ഒരുക്കിയിരുന്നെന്നും യോഗി കൂട്ടിച്ചേര്‍ത്തു.