ഫാറൂഖാബാദ്: മദ്യം വാങ്ങാൻ സ്വർണഭരണങ്ങൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ബംരുലിയ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ലക്ഷ്മി ദേവിയെന്ന 26 കാരിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് പ്രശാന്ത് ഒളിവിലാണ്. സംഭവത്തിൽ നവാബ്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആറ് വർഷം മുമ്പാണ് പ്രശാന്ത് ലക്ഷ്മി ദേവിയെ വിവാഹം കഴിക്കുന്നത്. ദമ്പതികൾക്ക് അഞ്ച് വയസുള്ള മകനും മൂന്ന് വയസുള്ള മകളുമുണ്ട്.
പ്രശാന്ത് മദ്യത്തിന് അടിമയാണെന്നും സ്ഥിരമായി ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ലക്ഷ്മി കൊല്ലപ്പെട്ട ദിവസം പ്രശാന്ത് മദ്യം വാങ്ങാനായി പണം ആവശ്യപ്പെടുകയും നൽകാത്ത സാഹചര്യത്തിൽ വടി കൊണ്ട് തലക്കടിക്കുകയുമായിരുന്നു. തുടർന്ന് ബോധരഹിതയായ ലക്ഷ്മിയുടെ സ്വർണ കമ്മലുകളുമായി പ്രതി രക്ഷപ്പെടുകയായിരുന്നെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാകേഷ് കുമാർ ശർമ പറഞ്ഞു. രക്തസ്രാവം മൂലമാണ് ലക്ഷ്മി മരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ലക്ഷ്മിയുടെ മാതാപിതാക്കൾ നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 302 (കൊലപാതകം) പ്രകാരമാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്.