ന്യൂഡല്‍ഹി: 18 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം അമേരിക്കയും താലിബാനും തമ്മില്‍ ഒപ്പിട്ട സമാധാന കരാര്‍ അത്ഭുതപ്പെടുത്തുന്ന ഒന്നല്ലെന്നും ഇത്തരത്തിലൊരു കരാര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഡല്‍ഹിയില്‍ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ എങ്ങനെ പുരോഗമിക്കുമെന്നത് ഇന്ത്യ ശ്രദ്ധയോടെ വീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്‌ഗാനിസ്ഥാനില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും, ആ നേട്ടങ്ങള്‍ ഈ കരാറിലൂടെ നഷ്‌ടമാകാതിരിക്കാന്‍ അമേരിക്ക ശ്രദ്ധിക്കണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ദോഹയില്‍ വച്ചാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവച്ചത്. 14 മാസത്തിനുള്ളിൽ തങ്ങളുടെ എല്ലാ സൈനികരെയും അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.