അഹമ്മദാബാദ്: സബര്‍മതി ആശ്രമം സന്ദര്‍ശിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്തോഷവാനാണെന്ന് ആശ്രമം ട്രസ്റ്റി കാർത്തികേയ സാരാഭായ്. അദ്ദേഹം മഹാത്മഗാന്ധിയുടെ ലളിതമായ ജീവിത രീതികളെ അഭിനന്ദിച്ചു. മഹാത്മാ ഗാന്ധിജിയുടെ ജീവചരിത്രം, ഒരു ചർക്ക, ഗാന്ധിജിയുടെ മൂന്ന് വിവേകമുള്ള കുരങ്ങുകളുടെ മാർബിൾ പ്രതിമ എന്നിവയാണ് ആശ്രമം സന്ദർശിച്ച ട്രംപിന് സമ്മാനമായി നല്‍കിയത്.
സബർമതി സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും മഹാത്മാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ചർക്കയില്‍ നൂല് നൂറ്റു. ചർക്കയില്‍ നൂല് നൂല്ക്കുന്നതിനിടയില് മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ രഘുപതി രാഘവ രാജാറാം എന്ന ഗാനവും പശ്ചാത്തലത്തില്‍ കേൾപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രംപിനെയും ഭാര്യയെയും ആശ്രമത്തില്‍ സ്വീകരിച്ചത്. പ്രധാനമന്ത്രിയും ട്രംപും ചേർന്ന് മഹാത്മ ഗാന്ധിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.