മുംബൈ; അഞ്ചുമാസത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് ബോളിവുഡ് താരം ഊർമിള മതോണ്ട്കർ. ആറ് മാസം മുൻപ് കോൺഗ്രസില്‍ ചേർന്ന ഊർമിള രാജിവെക്കുകയാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചു. കോൺഗ്രസിലെ ഉൾപ്പാർട്ടി പോരിന് തന്നെ ഉപയോഗപ്പെടുത്തുന്നതില്‍ താല്‍പര്യമില്ലെന്ന് രാജിക്കത്തില്‍ പറയുന്നു. നേരത്തെ പിസിസി അധ്യക്ഷന് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നല്‍കിയതില്‍ ഊർമിള അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പാർട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും കോൺഗ്രസില്‍ മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊർമിള കോൺഗ്രസ് വിട്ടത്.
രാജിക്കത്ത് പിസിസി അധ്യക്ഷൻ മിലിന്ദ് ദേവ്‌രയ്ക്ക് അയച്ചുകൊടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മാത്രം കോൺഗ്രസില്‍ ചേർന്ന നാല്‍പ്പത്തിനാലുകാരിയായ ഊർമിള മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. 4,65,247 വോട്ടുകൾക്ക് സിറ്റിങ് എംപിയും ബിജെപി നേതാവുമായ ഗോപാല്‍ ഷെട്ടിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷം രാഷ്ട്രീയത്തില്‍ ഊർമിള സജീവമായിരുന്നില്ല.