ലഖ്‌നൗ: അതിർത്തി മേഖലയിൽ കുടുങ്ങി കിടക്കുന്ന ആളുകളുടെ യാത്രക്കായി ഒരുക്കിയിരിക്കുന്ന ബസുകൾ തടയരുതെന്ന് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), സീനിയർ പൊലീസ് സൂപ്രണ്ട്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് യുപിഎസ്ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു. ലോക് ഡൗൺ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികളാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിന്‍റെ നിർദേശപ്രകാരം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഗതാഗത സൗകര്യമൊരുക്കുന്നതിനായി 200 യുപിഎസ്ആർടിസി ബസുകൾ വിന്യസിച്ചിട്ടുണ്ട്. ബസുകൾ നോയിഡയിലും ഗാസിയാബാദിലും എത്തിത്തുടങ്ങി. രാവിലെ 8 മുതൽ രണ്ട് മണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. മാർച്ച് 29 വരെ ബസുകളുടെ സേവനം തുടരുമെന്നും യുപിഎസ്ആർടിസി അറിയിച്ചു.