ലക്‌നൗ: ഓൺലൈൻ ക്ലാസ്സിൽ പാകിസ്ഥാന് അനുകൂലമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ അധ്യാപികക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലെ ഒരു സ്വകാര്യ സ്‌കൂൾ അധ്യാപികക്ക് എതിരെയാണ് സ്‌കൂൾ അധികൃതർ നടപടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്‌ച നാലാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസിൽ പാകിസ്ഥാനെ കുറിച്ച് പരാമർശം നടത്തുന്ന ചോദ്യങ്ങൾ ഉന്നയിച്ചതിന് ഷാദാബ് ഖാനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി സസ്‌പെൻഡ് ചെയ്യുയായിരുന്നു. ഒരാഴ്‌ചയ്‌ക്കകം വിശദീകരണം നൽകാനും സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. "ഞാൻ പാക് സൈന്യത്തിൽ ചേരും", "പാകിസ്ഥാൻ ഞങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്", "റാഷിദ് മിൻഹാസ് ധീരനായ ഒരു സൈനികൻ" എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അധ്യാപിക വിദ്യാർഥികൾക്ക് നൽകിയത്. എന്നാൽ, താൻ അത് ഇന്‍റർനെറ്റിൽ നിന്നും തെരഞ്ഞെടുത്തതാണെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ വിശദമായി പരിശോധിക്കാതെ ചോദ്യങ്ങൾ നൽകുകയായിരുന്നു എന്നുമാണ് ഷാദാബ് ഖാനം പറയുന്നത്.
ചോദ്യങ്ങളിൽ പാകിസ്ഥാന് അനുകൂലമായ പരാമർശമുണ്ടെന്ന് രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ അറിയിച്ചതോടെ പാകിന് പകരം ഇന്ത്യ എന്നാക്കാൻ വിദ്യാർഥികളോട് നിർദേശിച്ചതായും വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ ഉടൻ തന്നെ ക്ഷമ ചോദിച്ചതായും അധ്യാപിക വിവരിച്ചു. അതേ സമയം, സംഭവത്തിൽ അധ്യാപികക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സസ്‌പെൻഡ് ചെയ്‌തതായി സ്‌കൂൾ മാനേജർ ജി.പി. സിംഗ് അറിയിച്ചു. ഷാദാബ് ഖാനത്തിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും ഈ വിഷയം ഡിഎഒയുടെയും ഗോരഖ്‌പൂർ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടറിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവന്നതായും മാനേജർ പറഞ്ഞു.