ലഖ്‌നൗ: കുടുംബ സ്വത്ത് കൈവശം വയ്ക്കുന്നതിനായി ഇളയ സഹോദരന്‍ മൂത്ത സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. വിദ്‌നേഷ് കുമാർ (35), ഭാര്യ ഗീതാദേവി (32) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ വൈഷ്ണവിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രതി അവനേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കുറവാലി പ്രദേശത്തെ നിസാംപൂർ ഗ്രാമത്തിലാണ് സംഭവം. ദമ്പതികളുടെ അയൽവാസികളാണ് പരിക്കേറ്റ പെൺകുട്ടിയുടെ നിലവിളി കേട്ട് പൊലീസിനെ വിവരമറിയിച്ചത്.
മരിച്ചയാളുടെ ബന്ധു പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയുടെ വീട്ടിലെത്താൻ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചു. രക്തം പുരണ്ട വസ്ത്രങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായി മെയിൻപുരി പൊലീസ് സൂപ്രണ്ട് അജയ് കുമാർ പാണ്ഡെ പറഞ്ഞു. ചോദ്യം ചെയ്യലിൽ സഹോദരന്‍റെ ഭൂമി കൈവശപ്പെടുത്തുന്നതിനാണ് കുറ്റകൃത്യം ചെയ്തതെന്ന് അവനേഷ് സമ്മതിച്ചതായി എസ്‌പി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സൈഫായ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.