ലക്‌നൗ: വിക്രം ജോഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാസിയാബാദിൽ കുത്തിയിരിപ്പ് സമരവുമായി മാധ്യമപ്രവർത്തകർ. സഹപ്രവർത്തകന്‍റെ മരണത്തിന് കാരണമായ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി മാധ്യമ പ്രവർത്തകരാണ് തിങ്കളാഴ്ച യശോദ ആശുപത്രിക്ക് സമീപം സമരം നടത്തിയത്.
നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു. രണ്ട് പ്രധാന പ്രതികൾ ഉൾപ്പെടെ ഒമ്പത് പേർ ഇതിനോടകം അറസ്റ്റിലായിരുന്നു.
ജൂലൈ 20ന് ഗാസിയാബാദിലെ വിജയ് നഗറിൽ വെച്ച് വെടിയേറ്റ വിക്രം ജോഷി ബുധനാഴ്ചയാണ് മരിച്ചത്. ജോഷിയുടെ തലക്കായിരുന്നു പരിക്ക്. വെടിയേൽക്കുന്നത് ഉൾപ്പെടെ ആക്രമണ ദൃശ്യങ്ങൾ മുഴുവൻ സിസിടിവി ക്യാമറയിൽ പകർന്നിരുന്നു. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ ധനസഹായവും ജോഷിയുടെ ഭാര്യക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു.