ബാലിയ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ-പ്രത്യാരോപണങ്ങളുമായി പൊലീസും കുടുംബവും. ബല്ലിയയിലെ ഫഫ്ന എന്ന സ്ഥലത്ത് വീടിന് സമീപത്ത് ഹിന്ദി ടെലിവിഷൻ ന്യൂസ് ചാനല്‍ ജേർണലിസ്റ്റായ രത്തൻ സിംഗ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി അറിയിച്ചു. സുശീൽ സിംഗ്, ദിനേശ് സിംഗ്, അരവിന്ദ് സിംഗ്, സുനീൽ സിംഗ്, വീർ ബഹദൂർ സിംഗ്, വിനയ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഭൂമിത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജയ് യാദവ് വിശദീകരിച്ചത്. എന്നാൽ ഇതിനെതിരെ രത്തന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് തെറ്റായ കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഫെഫ്ന പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ആയ ഉദ്യോഗസ്ഥനാണ് മുഖ്യ കുറ്റവാളിയെന്നാണ് രത്തന്‍റെ പിതാവ് പറയുന്നത്. യാതൊരു വിധത്തിലുള്ള ഭൂമിത്തർക്കങ്ങളും ഇവിടെയില്ലെന്നും പൊലീസ് തെറ്റായ വിശദീകരണം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്‌പി ദേവേന്ദ്ര നാഥ് വ്യക്തമാക്കി.
രത്തൻ സിംഗിന്‍റെ മരണത്തില്‍ അമർഷം അറിയിച്ച് ജേർണലിസ്റ്റ്സ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇയാളുടെ കൊലപാതകവും തൊഴിലുമായി ഒരു ബന്ധവും ഇല്ലെന്നും രണ്ട‌് കൂട്ടർ തമ്മിലുണ്ടായ തർക്കങ്ങളാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നും ആവർത്തിക്കുകയാണ് പൊലീസ്. രത്തൻ സിംഗിന്‍റെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പത്ത് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.