ന്യൂഡൽഹി: ഗാസിയാബാദിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതിൽ ഉത്തർപ്രദേശിലെ ക്രമസമാധാനനിലയെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥിന്‍റെ സർക്കാർ കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി.ഉത്തർപ്രദേശിൽ നടക്കുന്ന ഒന്നിനെക്കുറിച്ചും പ്രിയങ്ക ഗാന്ധിയിൽ നിന്ന് തെളിവ് ആവശ്യമില്ല. ആരാണോ ജോഷി വധക്കേസിലെ കുറ്റവാളികൾ അവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ വെറുതെവിടില്ലെന്ന് നഖ്‌വി പറഞ്ഞു.
ക്രമസമാധാനത്തിന്‍റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ, ഉത്തർപ്രദേശിലെ ക്രമസമാധാനനിലയെക്കുറിച്ച് ഊഹിക്കാൻ കഴിയും. മരുമകളെ ഉപദ്രവിച്ചതായി പൊലീസിൽ പരാതിപ്പെട്ടതിനാലാണ് ഒരു പത്രപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ ജംഗിൾ രാജിൽ സാധാരണക്കാർക്ക് എങ്ങനെ സുരക്ഷിതത്വം ഉണ്ടാകുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചിരുന്നു.
ജൂലൈ 20 ന് അക്രമികൾ വെടിവച്ച് കൊല്ലപ്പെടുത്തിയ ജോഷിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതായി ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കർ പാണ്ഡെ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിലെ പ്രധാന പ്രതികളായ രവിയെയും ചോട്ടുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രവി കുറ്റം സമ്മതിച്ചു. ചോട്ടുവിന്‍റെ കയ്യിൽ നിന്നും അനധികൃത പിസ്റ്റൾ പിടിച്ചെടുത്തു. പ്രതികളുടെ മൊഴി രേഖപ്പെടുത്തി. മരിച്ച മാധ്യമപ്രവർത്തകന്‍റെ കുടുംബത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗാസിയാബാദിലെ സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.ജോഷിയുടെ കൊലപാതകത്തിനെതിരെ കഴിഞ്ഞ ദിവസം ഒരു കൂട്ടം മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.