ലക്നൗ: ദാരിദ്രവിഭാഗത്തിലെ ഓരോരുത്തർക്കും ഭക്ഷ്യധാന്യങ്ങൾക്കായി 1,000 രൂപയും അസുഖം ബാധിച്ചാൽ 2,000 രൂപയും മരണം സംഭവിച്ചാൽ സംസ്കാരചടങ്ങുകൾ നടത്താൻ കുടുംബത്തിലെ ഒരംഗത്തിന് 5,000 രൂപയും നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിൽ സംസ്ഥാനത്ത് ആരും തന്നെ പട്ടിണി കിടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.
15 ദിവസത്തെ റേഷൻ കിറ്റുകളും കുടിയേറ്റ തൊഴിലാളികൾക്ക് 1,000 രൂപ വീതം വിതരണം ചെയ്യണമെന്നും അദ്ദേഹം നിർദേശം നൽകി. ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് കർശനമായി ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ ഇതുവരെ 8,075 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,015 പേർ ചികിത്സയിലാണ്. ഇതുവരെ 217 പേരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത്.