ലഖ്‌നൗ: ഇരട്ടക്കൊലപാതകക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ഇപ്പോൾ 'സുരക്ഷിത'മായ പ്രദേശങ്ങളായ ഗൗതംപള്ളി പോലെയുള്ള ഇടങ്ങളിലാണ് കൊലപാതകങ്ങൾ നടക്കുന്നതെന്ന് അഖിലേഷ് യാദവ് വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇരട്ടക്കൊലപാതകത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥന്‍റെ മകൾ അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലത്താണ് കൊലപാതകം നടന്നത്. കുറച്ചുനാൾ മുമ്പ് വരെ സംസ്ഥാനത്ത് ക്രമസമാധാനം ഉണ്ടായിരുന്നുവെന്ന് ജനങ്ങൾ അടുത്ത തലമുറക്ക് കഥകൾ പറഞ്ഞുകൊടുക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.
സമ്പദ് വ്യവസ്ഥ, കൊവിഡ് രോഗികൾ, പരീക്ഷകൾ എന്നീ വിഷയങ്ങളിൽ ബിജെപി സർക്കാർ നിശബ്‌ദമാണെന്നും ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം തട്ടിയെടുത്തെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരുമായി മുൻകൂട്ടി ആലോചിക്കാതെ സംസ്ഥാന സർക്കാരുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണിന് പുറത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം അൺലോക്ക് 4 മാർഗനിർദേശങ്ങളിൽ അറിയിച്ചിരുന്നു.