ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊവിഡിനെ കൈകാര്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷൻ അവതരിപ്പിച്ചു. Labreports.upcovid19tracks.in എന്ന ഈ ആപ്ലിക്കേഷൻ ആളുകൾക്ക് കൊവിഡ് കോൾ സെന്‍റർ പോലുള്ള പ്രയോജനം ലഭ്യമാക്കുമെന്ന് ആപ്ലിക്കേഷന്‍റെ അവതരണ വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിട്ടെന്നും കൊവിഡ് പോസിറ്റീവ് ആയ രോഗികൾ അവരുടെ തെറ്റായ വിലാസങ്ങളും നമ്പറുകളും നൽകിയത് പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദേഹം പറഞ്ഞു. ഈ ആപ്ലിക്കേഷനിലൂടെ ആളുകളുടെ ശരിയായ വിവരങ്ങൾ ശേഖരിക്കാനും നീരീക്ഷണം നടത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗി പറഞ്ഞു. രാജ്യത്തെ ഏറ്റവുമധികം കൊവിഡ് 19 ടെസ്റ്റുകൾ ഉത്തർപ്രദേശിലാണ് നടത്തിയതെന്നും കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായും ആദിത്യനാഥ് കൂട്ടിച്ചേർത്തു.