ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമാജ്‌വാദി പാർട്ടി അഞ്ച് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും സംസ്ഥാന നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്‌ത എംഎൽഎമാരുടെ മണ്ഡലങ്ങളിലാണ് മത്സരം.
ഘോസിയിൽ നിന്ന് സുധാകർ സിംഗ് പാർട്ടി സ്ഥാനാർഥിയാകുമെന്നും നിർഭയ് സിംഗ് പട്ടേൽ മാണിക്‌പൂരിൽ നിന്ന് സ്ഥാനാർഥിയാകുമെന്നും പാർട്ടി ട്വീറ്റിലൂടെ വ്യക്തമാക്കി. സൈദ്‌പൂരിൽ നിന്നുള്ള ഗൗരവ് കുമാർ റാവത്തും ജലാൽപൂരിൽ നിന്ന് സുഭാഷ് റായിയും സ്ഥാനാർഥിയാകും. പ്രതാപ്‌ഗഡിൽ നിന്ന് ബ്രിജേഷ് വർമ്മ പട്ടേൽ പാർട്ടി സ്ഥാനാർഥിയാകും. പോളിംഗ് ഒക്ടോബർ 21ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഗംഗോ, രാംപൂർ, ഇഗ്ലാസ്, ലഖ്‌നൗ കന്‍റോൺമെന്‍റ്, ഗോവിന്ദ്‌നഗർ, മാണിക്‌പൂർ, പ്രതാപ്‌ഗഡ്, സൈദ്‌പൂർ, ജലാൽപൂർ, ബൽഹ, ഘോസി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാർ ഗവർണറായി നിയമിതനായ സിറ്റിംഗ് എംഎൽഎ ഫാഗു ചൗഹാൻ രാജിവച്ചതാണ് ഘോസിയിലെ മത്സരത്തിനു കാരണം.