ലഖ്‌നൗ: ബുദ്ധാര ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ നാല് വയസുകാരൻ മരിച്ചു. ഇന്നലെയാണ് നാല് വയസുകാരനായ ധനേന്ദ്ര 30 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. 20 മണിക്കൂർ നീണ്ടു നിന്ന രക്ഷാ പ്രവർത്തനത്തിന് ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും ഡോക്‌ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അഗ്നിശമന വകുപ്പ്, പ്രാദേശിക പൊലീസ്, എൻഡിആർഎഫ് എന്നിവരുടെ സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഴൽക്കിണറിന് ചുറ്റുമുള്ള പ്രദേശത്ത് സമാന്തരമായി കുഴികൾ നിർമിച്ച് കുട്ടിക്ക് പൈപ്പുകൾ വഴി ഓക്‌സിജൻ കൊടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
ധനേന്ദ്രയും സഹോദരി രേഖയും കളിക്കുന്നതിനിടയിലാണ് കുഴൽക്കിണറിൽ വീണതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സത്യേന്ദ്ര കുമാർ പറഞ്ഞു. സംഭവമറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ സേനയ്‌ക്കൊപ്പം സ്ഥലത്തെത്തി. മെഡിക്കൽ ഉദ്യോഗസ്ഥർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.