ബെംഗളൂരു: നൂറ്റാണ്ടുകൾക്ക് മുമ്പ് ബസവണ്ണ, കനകദാസ തുടങ്ങിയ തത്ത്വചിന്തകർ ജാതിവ്യവസ്ഥയെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുകയും ഐക്യത്തിൽ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും നമുക്കിടയിൽ ഐക്യമുണ്ടാകാൻ ആവരെക്കൊണ്ട് കഴിയില്ലെന്ന് കാലം കാണിച്ച് തരുന്നു.
ഇപ്പോഴത്തെ കാലഘട്ടത്തിൽ പോലും ചില ആളുകൾ തൊട്ടുകൂടായ്മയുടെയും ജാതിവ്യവസ്ഥയുടെയും പാത പിന്തുടരുന്നു. ചെറിയ ഉൾനാടൻ ഗ്രാമങ്ങളിൽ കഴിയുന്ന ഭൂരിഭാഗം ആളുകളും ഇന്നും ഇത്തരം സമ്പ്രദായങ്ങൾ പിന്തുടരുന്നുണ്ട്. തലസ്ഥാന നഗരമായ ബെംഗളൂരുവിന് വളരെ അടുത്തുള്ള രാംനഗറിൽ പോലും ആളുകൾ ഇപ്പോഴും തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
രാംനഗറിൽ ദലിതരായ ആളുകൾക്ക് സലൂൺ ഷോപ്പുകളിൽ പ്രവേശിക്കാൻ അനുമതിയില്ല. ദലിത് സമൂഹത്തില്‍ നിന്നുള്ള വ്യക്തികൾ കടകളിൽ എത്തിയാൽ ഉടൻ ഇവര്‍ കടകൾ അടക്കുന്നതായാണ് ആരോപണം. ഇതിനെതിരായി ഒരു കൂട്ടം യുവാക്കൾ ബാര്‍ബര്‍ ഷേപ്പിൽ എത്തിയെങ്കിലും ഉടൻ ഇവര്‍ കടകളടച്ച് പോവുകയായിരുന്നു. സമൂഹത്തിലെ ജാതിവ്യവസ്ഥയെ നീക്കം ചെയ്യുന്നതിനായി സർക്കാർ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ആളുകളുടെ ചിന്താഗതി മാറ്റാതെ സമൂഹത്തിന് മാറാൻ കഴിയില്ലെന്ന് ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നു.