ലക്‌നൗ: ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്‌ടർ പ്രശാന്ത് ഉപാധ്യായ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പിതാവിന്‍റെ മരണം സംബന്ധിച്ച കേസിന്‍റെ വിചാരണ ചൊവ്വാഴ്‌ച തുടങ്ങാനിരിക്കെയാണ് ഡോക്‌ടറുടെ ദുരൂഹ മരണം. തിങ്കളാഴ്‌ച രാവിലെ ശ്വാസ തടസം നേരിട്ട ഉപാധ്യായ, ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയും പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഇയാൾ പ്രമേഹ രോഗിയാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി അയച്ചു.
പൊലീസിന്‍റെ മർദനമേറ്റതിനെ തുടർന്ന് 2018 ഏപ്രിലിൽ ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ പ്രശാന്ത് ഉപാധ്യായ ചികിത്സിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ എമർജൻസി വാർഡന്‍റെ ചുമതലയിലായിരുന്നു ഡോക്‌ടർ. പ്രഥമശുശ്രൂഷക്ക് ശേഷം ഡിസ്‌ചാർജ് ചെയ്‌ത പെൺകുട്ടിയുടെ പിതാവ് മണിക്കൂറുകൾക്ക് ശേഷം പൊലീസ് കസ്‌റ്റഡിയിൽ മരിക്കുകയായിരുന്നു. തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിൽ ഉപാധ്യായയെ സസ്പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഷൻ പിൻവലിച്ച ശേഷം ഫത്തേപൂരിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു പ്രശാന്ത് ഉപാധ്യായ .
ഉന്നാവോ പീഡന കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാര്‍ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. പെൺകുട്ടിയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ അതുൽ സെൻഗാറും ജയിലിലാണ്
.