ഉന്നാവോ: ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. ജില്ലാ ജഡ്‌ജി കുടുംബത്തിന് ചെക് കൈമാറി. പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം കുടുംബത്തിന് വീട് വെച്ചു നല്‍കും.
മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നാണ് 25 ലക്ഷം രൂപ കുടുംബത്തിന് നല്‍കുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും എത്രയും വേഗത്തില്‍ നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കി. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും കുറ്റവാളികളെ ആരെയും ഒഴിവാക്കില്ലെന്നും യോഗി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേസിന്‍റെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. താനും തന്‍റെ പാര്‍ട്ടിയും പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്തുണക്കുന്നുവെന്നും പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എം പി സാക്ഷി മഹാരാജ് പറഞ്ഞു.