ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ സെന്‍ഗര്‍ കുറ്റക്കാരനെന്ന് ഡല്‍ഹി തീസ് ഹസാരി ഹൈക്കോടതി. മറ്റ് ഒമ്പത് പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. കേസില്‍ ശിക്ഷാ വിധി വ്യാഴാഴ്ചയുണ്ടാവും. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധമേന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. സന്‍ഗാറിന്‍റെ ബന്ധുവും കൂട്ടുപ്രതിയുമായ ശശി സിങിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിജെപി എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായിരുന്നു. സിബിഐയുടെയും കേസിലെ പ്രതികളുടെയും അന്തിമ വാദം കേട്ട ശേഷമാണ് വിധി.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേസ് ലഖ്‌നൗവിലെ കോടതിയിൽ നിന്ന് ഡൽഹി കോടതിയിലേക്ക് മാറ്റുകയും തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ തുടർച്ചയായി ജഡ്‌ജി വാദം കേൾക്കുകയുമായിരുന്നു.
2017ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പോക്സോ, ഐപിസി 120 ബി (ക്രിമിനൽ ഗൂഢാലോചന), 363 (തട്ടിക്കൊണ്ടുപോകൽ), 366 (തട്ടിക്കൊണ്ടുപോകൽ/ വിവാഹത്തിന് നിർബന്ധിപ്പിക്കൽ), 376 (ബലാത്സംഗം) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഓഗസ്റ്റ് ഒമ്പതിന് കേസെടുത്തത്.
ഉത്തർപ്രദേശിലെ ബാംഗർമൗവിൽ നിന്ന് നാല് തവണ ബിജെപി എംഎൽഎ ആയിരുന്ന സെന്‍ഗാറിനെ ഈ വർഷം ഓഗസ്റ്റിലാണ് കേസിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി സംഭവത്തില്‍ ഇടപെട്ടത്. ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്.