ലക്‌നൗ: ഉന്നവോയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തിയ കേസില്‍ പ്രതികളുടെ രക്‌ത സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു. ഡി.എന്‍ .എ പരിശോധനയ്‌ക്ക് വേണ്ടിയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. പ്രതികളായ ശുഭം,ശിവം,ഹരി ശങ്കര്‍,ഉമേഷ്, റാം കിഷോര്‍ എന്നിവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിക്കാന്‍ പ്രാദേശിക കോടതി ഇന്നലെ അന്വേഷണസംഘത്തിന് അനുമതി നല്‍കിയിരുന്നു.
ശാസ്‌ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇരയുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ സംഭവസമയത്ത് ഇതേ പരിസരത്ത് തന്നെയുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വിക്രാന്ദ് വീര്‍ പറഞ്ഞു. എസ്.പി വിനോദ് കുമാര്‍ പാണ്ഡെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.