ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് നാലാം ഘട്ടത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നടപ്പാക്കുന്നത്. മെട്രോ സര്‍വീസിന് അനുമതി നല്‍കുന്നതാണ് പ്രധാന മാറ്റം. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സെപ്‌റ്റംബര്‍ ഏഴ് മുതല്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിലെ നിയന്ത്രണം സെപ്‌റ്റംബര്‍ 30 വരെ നീട്ടി. എന്നാല്‍ ഓണ്‍ലൈൻ ക്ലാസുകള്‍ക്കായി 50 ശതമാനം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താം. ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാള്‍ ഇതില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ്.
പൊതു യോഗങ്ങൾക്കും കൂട്ടായ്മകൾക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാൻ പാടില്ല. യോഗങ്ങളില്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌ക് ധരിച്ചെത്തുന്നര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാൻ പാടുള്ളു. പരിപാടി സ്ഥലത്ത് തെര്‍മല്‍ പരിശോധന, കൈ കഴുകാനുള്ള സൗകര്യം, സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. സിനിമാ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുമെങ്കിലും സെപ്‌റ്റംബര്‍ 21 മുതല്‍ ഓപ്പണ്‍ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാം. നീന്തല്‍ കുളങ്ങള്‍ അടച്ചിടണം.
സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും, അന്തര്‍സംസ്ഥാന യാത്രകള്‍ക്കും യാതൊരു വിധ നിയന്ത്രണങ്ങള്‍ ചുമത്തരുതെന്നും നിര്‍ദേശമുണ്ട്. പെര്‍മിറ്റ്, പാസ് തുടങ്ങിയ സംവിധാനങ്ങള്‍ പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ആവര്‍ത്തിക്കുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവർക്കുമുള്ള യാത്രാവിലക്ക് തുടരും.