ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഭാരത് ബന്ദിന്‍റെ പരാജയം രാജ്യത്തിന്‍റെ വിജയമാണെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയര്‍ത്തിയ രാഷ്‌ട്രീയം പരാജയപ്പെട്ടെന്നും ഇതില്‍ ജനങ്ങളോട് നന്ദിയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇടിവി ഭാരതുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് സ്‌മൃതി ഇറാനിയുടെ പ്രതികരണം. മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട് കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. സെപ്‌റ്റംബര്‍ മുതല്‍ ഡിസംബര്‍ 5 വരെ കേന്ദ്രം 33 ലക്ഷം കര്‍ഷകരില്‍ നിന്നായി 66000 കോടി വില വരുന്ന 336 ലക്ഷം മെട്രിക് ടണ്‍ നെല്ല് വാങ്ങിയെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതില്‍ 60 ശതമാനം ഗുണഭോക്താക്കളും പഞ്ചാബില്‍ നിന്നുള്ളവരാണ്.
റെയില്‍ റോകോ ആന്തോളനുമായി ബന്ധപ്പെട്ട് റെയില്‍ ഗതാഗതം തടസപ്പെടുത്തിയതും കടയുടമകളെ പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതും പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നതിന് തെളിവാണെന്ന് സ്‌മൃതി ഇറാനി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നതായും സ്‌മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും സ്‌മൃതി ഇറാനി മറന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയായപ്പോള്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ലെന്നും സ്‌മൃതി ഇറാനി കുറ്റപ്പെടുത്തി. 2010ല്‍ എപിഎംസി ആക്‌ടില്‍ ഭേദഗതി വരുത്താന്‍ ശരത്പവാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇന്ന് രാഷ്‌ട്രീയ നേട്ടം മുന്‍നിര്‍ത്തി കാര്‍ഷിക ബില്ലിനെ പിന്തുണക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.