ലണ്ടൻ: 70 വര്‍ഷം പഴക്കമുള്ള നൈസാം സ്വത്ത് തര്‍ക്കക്കേസില്‍ ഇന്ത്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച് ബ്രിട്ടണിലെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈക്കോടതി. 1948ല്‍ ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ച വന്‍തുകയുടെ അവകാശം നൈസാമിന്‍റെ അനന്തരാവകാശികള്‍ക്ക് നല്‍കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. പണം തങ്ങളുടേതാണെന്ന പാകിസ്ഥാന്‍റെ വാദം തള്ളിയ കോടതി പാക് നിലപാട് നീതീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ചു.
1948ല്‍ ഒരു മില്യണ്‍ യൂറോയാണ് നൈസാം ബാങ്കില്‍ നിക്ഷേപിച്ചത്. ഇന്ന് പലിശയടക്കം ഏകദേശം 35 മില്യണ്‍ യൂറോയാണ് നിക്ഷേപത്തിന്‍റെ മൂല്യം. അതായത് എകദേശം 306 കോടി ഇന്ത്യന്‍ രൂപ.
1948ല്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നൈസാമിന്‍റെ ധനമന്ത്രി വന്‍തുക ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ലണ്ടനിലെ പാക് ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്‍റെ പേരിലായിരുന്നു പണം കൈമാറിയത്. ഇതിനെത്തുടർന്നാണ് പാകിസ്ഥാന്‍ പണത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. തുടര്‍ന്നാണ് നൈസാമിന്‍റെ അനന്തരാവകാശികള്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് നിയമയുദ്ധം ആരംഭിച്ചത്.