ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് 600ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഊബർ ഇന്ത്യ. പിരിച്ച് വിട്ട ജീവനക്കാർക്ക് ഡ്രൈവർ, റൈഡർ പിന്തുണ എന്നിവയുണ്ടാകുമെന്ന് ഊബർ ഇന്ത്യയുടെ ദക്ഷിണേഷ്യ ബിസിനസ് പ്രസിഡന്‍റ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.
കൊവിഡിന്‍റെ ആഘാതവും വീണ്ടെടുക്കലിന്‍റെ പ്രവചനാതീതമായ സ്വഭാവവും കാരണം ഊബർ ഇന്ത്യക്ക് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും, ഡ്രൈവർ, റൈഡർ സപ്പോർട്ട് ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങൾ 600ഓളം മുഴുവൻ സമയ ജീവനക്കാരെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം പ്രഖ്യാപിച്ച ആഗോള തൊഴിൽ വെട്ടിക്കുറക്കലിന്‍റെ ഭാഗമാണ് തീരുമാനമെന്നും പ്രദീപ് പരമേശ്വരൻ അഭിപ്രായപ്പെട്ടു. ജീവനക്കാർക്ക് 10 ആഴ്ചത്തെ ശമ്പളവും അടുത്ത ആറ് മാസത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും ഔട്ട്‌പ്ലെയ്‌സ്‌മെന്‍റ് പിന്തുണയും നൽകുമെന്ന് കമ്പനി അറിയിച്ചു.
ആഗോളതലത്തിൽ ഇതുവരെ 6,700 ജീവനക്കാരെ ഇത്തരത്തിൽ പിരിച്ചുവിട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ വരുമാനം 95 ശതമാനം ഇടിഞ്ഞതിനാൽ 1,400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഒഎൽഎ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പിരിച്ചുവിടൽ ആരംഭിച്ചത്.