കൊൽക്കത്ത: കുഞ്ഞുങ്ങളുടെ മനസിൽ ചെറുപ്രായത്തിൽ തന്നെ വംശീയവെറി നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതവും നിറത്തിന്‍റെ പേരിലുള്ള വേർതിരിക്കൽ അനീതിയാണെന്ന വാസ്തവം ചൊല്ലികൊണ്ടുക്കേണ്ടതുമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് വനിത അധ്യാപകരെ സർക്കർ സസ്പെൻഡ് ചെയ്തതും ഇതിന്‍റെ ഭാഗമായാണ്. ഇരുണ്ട നിറമുള്ള മനുഷ്യരെ അവഹേളിക്കുന്ന പ്രതീകം കുട്ടികളിലേക്ക് കുത്തിവെക്കാൻ ശ്രമിച്ച അധ്യാപകരെയാണ് ജോലിയിൽ നിന്നും താത്കാലികമായി പുറത്താക്കിയത്. പ്രീ-പ്രൈമറി വിദ്യാർഥികളുടെ ഇംഗ്ലീഷ് അക്ഷരമാല പുസ്തകത്തിൽ 'അഗ്ലി' എന്ന പദത്തെ സൂചിപ്പിക്കാൻ ഇരുണ്ട നിറമുള്ള മനുഷ്യനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കാത്ത പുസ്തകം സ്‌കൂൾ അധികൃതർ തന്നെ അവതരിപ്പിച്ചതാണ്.
ആഫ്രിക്കൻ-അമേരിക്കൻ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ ലോകം മുഴുവൻ പ്രതിഷേധം ഉയർത്തുമ്പോഴാണ് ബംഗാളിലെ കിഴക്കൻ ബർദ്വാൻ ജില്ലയിൽ സംഭവം നടന്നത്. കുട്ടിക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ വിദ്യാർഥിയുടെ പിതാവ്
ശ്രമിച്ചപ്പോഴാണ് പുസ്തകത്തിലെ 'അഗ്ലി'യായ വസ്തുത ശ്രദ്ധയിൽ പെട്ടത്. ഇയാൾ മറ്റ് മാതാപിതാക്കളെ വിവരമറിയിച്ചു. പിന്നീട് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. സസ്പെൻഡിലായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജി അറിയിച്ചു.