കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടു. ഒരാൾ സൗത്ത് 24 പർഗനാസിലും മറ്റൊരാൾ ബർദ്വാൻ ജില്ലയിലുമാണ് കൊല്ലപ്പെട്ടത്.
സൗത്ത് 24 പർഗനാസിലെ ബസന്തി പ്രദേശത്ത് 56 കാരനായ അമീർ അലി ഖാൻ രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. അക്രമികൾ രക്ഷപെടുന്നതിന് മുമ്പ് ക്രൂഡ് ബോംബുകൾ പ്രയോഗിച്ചിരുന്നു. സ്‌ഫോടനത്തിൽ മറ്റ് മൂന്ന് പേർക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്.
കിഴക്കൻ ബർദ്വാനിലെ ലഖിപൂർ പ്രദേശത്താണ് മറ്റൊരു കൊലപാതകം നടന്നത്.
ടിഎംസിയുടെ തന്നെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഗൗതം ദാസ് എന്ന യുവാവിന് മർദനമേറ്റു. ഗൗതം ദാസ് ടിഎംസി യുവജന വിഭാഗത്തിലെ അംഗമായിരുന്നു. മർദനത്തിനിടയിൽ ഗൗതം കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രദേശം തങ്ങളുടെ നിയന്ത്രണ പരിധിയിൽ ആക്കാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസിന്‍റെ യുവജന വിഭാഗങ്ങൾക്കിടയിൽ നടന്ന സംഘർഷമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ വിഭാഗീയ യുദ്ധങ്ങൾ നടക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളാണെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
സംസ്ഥാനത്ത് നിലനിൽക്കുന്ന അധാർമികതയാണ് കൊലപാതകങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് പ്രതികരിച്ചു.