മുംബൈ: മുംബൈയിലെ ഗോവണ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രി നടന്ന സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റംസാൻ പ്രമാണിച്ച് പരമ്പരാഗത വാട്ടർ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. രജ്ജാബ് അലി, പ്രേം സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റയാളുടെ പേര് മുഹമ്മദ് അലി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശിവാജി നഗർ മുനിസിപ്പൽ മൈതാനത്തിന് സമീപം നോമ്പനുഷ്‌ഠിക്കുന്ന വിശ്വാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള സ്റ്റാളുകൾ സ്ഥാപിക്കുന്നതിലാണ് തർക്കമുണ്ടായത്. കുറേ നാളുകളായി ഇവർ പരസ്‌പരം ശത്രുതയിലും ആയിരുന്നു. തർക്കം കൈയേറ്റത്തിൽ കലാശിച്ചപ്പോൾ മൂർച്ചയുള്ള ആയുധങ്ങളിൽ നിന്ന് കുത്തേറ്റാണ് രജ്ജാബ് അലിയും പ്രേം സിംഗും കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ശിവാജി നഗർ പൊലീസ് ഇൻസ്പെക്‌ടർ അറിയിച്ചു.