ലക്‌നൗ: പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് മുന്‍ മന്ത്രിമാരെയടക്കം പത്ത് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. മുന്‍ മന്ത്രിമാരായ രാംകൃഷ്‌ണ ദ്വിവേദി, സത്യദേവ് ത്രിപാഠി, മുന്‍ എംപി സന്തോഷ് സിങ്, മുന്‍ എംഎല്‍എമാരായ ഭൂധർ നാരായൺ മിശ്ര, വിനോദ് ചൗധരി, നെക് ചന്ദ്ര പാണ്ഡെ, മറ്റ് നേതാക്കളായ സിറാജ് മെഹ്‌ദി, സഞ്ജീവ് സിങ്, സ്വയം പ്രകാശ് ഗോസ്വാമി തുടങ്ങിയവരെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പുറത്താക്കിയത്.
പൊതുവേദികളില്‍ പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനങ്ങളെ എതിർത്ത് സംസാരിച്ച ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയാണെന്ന് അച്ചടക്ക സമിതിയംഗം ഇമ്രാൻ മസൂദ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു വിശദീകരണം ആവശ്യപ്പെട്ട് 11 നേതാക്കൾക്ക് പാര്‍ട്ടി നോട്ടീസ് നല്‍കിയത്. എന്നാല്‍ മുന്‍ എംഎല്‍എ ഹാഫിസ് മുഹമ്മദ് ഉമര്‍ ഒഴികെ ആരും വിശദീകരണം നല്‍കിയില്ലെന്നും ഇമ്രാന്‍ മസൂദ് കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബറില്‍ നടന്ന ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി(യുപിസിസി)യുടെ പുനഃസംഘടനയെ തുടര്‍ന്നായിരുന്നു ഒരു വിഭാഗം നേതാക്കൾ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. യുപിസിസിയില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച ഇവര്‍ സിറാജ് മെഹ്‌ദിയുടെ വീട്ടില്‍ യോഗം ചേരുകയും നവംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്‌റുവിന് ആദരമര്‍പ്പിക്കാന്‍ യുപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്‌തു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങൾ ചർച്ച ചെയ്യാൻ യുപിസിസി അധ്യക്ഷന്‍ അജയ് കുമാർ ലല്ലു വിളിച്ച യോഗത്തില്‍ നിന്നും നേതാക്കൾ വിട്ടുനിന്നു.
അതേസമയം തനിക്ക് ആരോടും എതിര്‍പ്പില്ലെന്നും കഴിഞ്ഞ 40 വര്‍ഷത്തോളമായി താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നും അച്ചടക്ക നടപടി നേരിടുന്നവരിലൊരാളായ സിറാജ് മെഹ്‌ദി പ്രതികരിച്ചു.