ലക്‌നൗ: എഎംയുവിന്‍റെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ രണ്ട് താൽക്കാലിക കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെ (സിഎംഒ) ജോലിയിൽ നിന്ന് പുറത്താക്കി. മുഹമ്മദ് അസിമുദ്ദീൻ മാലിക്, ഒബെയ്ദ് ഇംതിയാസുൽ ഹക്ക് എന്നിവരെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. ഹത്രാസ് കേസിലെ തന്‍റെ അഭിപ്രായം ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള കാരണമാകാമെന്ന് മുഹമ്മദ് അസിമുദ്ദീൻ മാലിക് പറഞ്ഞു. കേസിൽ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും എന്നാൽ ഡോക്‌ടർ എന്ന നിലയിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ തന്‍റെ അഭിപ്രായം വ്യക്തമാക്കിയതും ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള കാരണമായി മാലിക് ചൂണ്ടിക്കാട്ടി. മരണപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽ ബലാത്സംഗത്തിന്‍റെ ലക്ഷണമില്ലന്ന് ആരോപിച്ച ഉത്തർപ്രദേശ് പൊലീസിന്‍റെ പരാമർശത്തിന് വിപരീതമായിരുന്നു മാലിക്കിന്‍റെ അഭിപ്രായം.
ഒഴിവ് തസ്തികകളിലേക്കാണ് തങ്ങളെ ക്ഷണിച്ചതെന്നും നിരവധി ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഇപ്പോൾ ഞങ്ങൾ തുടരാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും മുഹമ്മദ് അസിമുദ്ദീൻ മാലിക് പറഞ്ഞു. എന്നാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒബെയ്ദ് ഇംതിയാസുൽ ഹക്ക്, അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള കാരണങ്ങളെ പറ്റി പ്രതികരിക്കാൻ തയ്യാറായില്ല. ഡോക്ടർമാരെ പുറത്താക്കിയതിനെതിരെ പ്രതിഷേധിക്കുമെന്ന് റസിഡന്‍റ് ഡോക്ടർ അസോസിയേഷൻ (ആർഡിഎ) പ്രസിഡന്‍റ് മുഹമ്മദ് ഹംസ പറഞ്ഞു. ഹത്രാസ് കേസും ജോലിയിൽ നിന്ന് പുറത്താക്കിയതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എഎംയു വക്താവ് ഷാഫി കിഡ്‌വായ് പറഞ്ഞു.