ശ്രീനഗർ: പാകിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്ന തുരങ്കം ബിഎസ്എഫ് കണ്ടെത്തി. 150 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കമാണ് സാമ്പ ജില്ലയിൽ നിന്നും കണ്ടെത്തിയത്. തുരങ്കത്തിലൂടെ നാല് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കടന്നതായി സംശയമുണ്ടെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. വ്യാഴാഴ്‌ച നാഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ പക്കൽ നിന്നും 11 റൈഫിളുകൾ, മൂന്ന് പിസ്റ്റലുകൾ, 29 ഗ്രനേഡ്, ആറ് യുബിജിഎൽ ഗ്രനേഡ് എന്നിവ കണ്ടെത്തി.
ലഷ്‌കർ-ഇ-ത്വയിബ, ജെഎം തീവ്രവാദികളെ ജമ്മു കശ്‌മീരിലേക്ക് കടത്തിവിടുക മാത്രമല്ല, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ-ബദർ തീവ്രവാദികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്ന കാര്യത്തിൽ പാകിസ്ഥാന്‍റെ പങ്കാളിത്തം വ്യക്തമാണെന്നും അതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. നവംബർ 28 മുതൽ നടക്കാനിരിക്കുന്ന ഡിഡിസി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസപ്പെടുത്തുക എന്നതാണ് നുഴഞ്ഞുകയറ്റത്തിന്‍റെ ലക്ഷ്യമെന്നും ഡിജിപി കൂട്ടിച്ചേർത്തു.