ചെന്നൈ: ബെലഗാവിയിൽ നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട ട്രൂജെറ്റ് എയർലൈൻ വിമാനം ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ബെലഗാവിയിൽ നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെത്തുടർന്ന് ചെന്നൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആളപായമില്ലെന്നും വിമാനത്തിലുണ്ടായിരുന്ന അഞ്ച് ക്രൂ അംഗങ്ങളെയും ഒരു കുഞ്ഞിനെയുമുൾപ്പെടെ 52 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും അധികൃതർ പറഞ്ഞു.
സുരക്ഷിതമായി ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ വന്നിറങ്ങിയ വിമാനത്തിന് ലാൻഡിംഗ് ഗിയർ കുടുങ്ങിയതിനാൽ മുന്നോട്ട് പോകാനായില്ല . പിന്നീട് വിമാനം പാർക്കിംഗ് ബേയിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോയി. വിമാനം പ്രധാന റൺവേയിൽ കുടുങ്ങിയതോടെ രണ്ടാം റൺവേ പ്രവർത്തനമാരംഭിക്കുകയും ഒമ്പത് വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. എന്നാൽ ലാൻഡിംഗ് ആവശ്യത്തിനായി പ്രധാന റൺവേ ആവശ്യമുള്ള ഒരു ബോയിംഗ് 787 വിമാനത്തെ ബെംഗളൂരുവിലേക്ക് തിരിച്ചുവിടേണ്ടി വന്നു. അത്യാഹിതങ്ങൾ ഒഴിവാക്കാനായി എയർപോർട്ട് എമർജൻസി റെസ്‌പോൺസ് ടീമിനെ ഉടൻ വിന്യസിച്ചിരുന്നു.
അതേസമയം, തകർന്ന ലാൻഡിംഗ് ഗിയറിന്‍റെ ചിത്രങ്ങൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തെക്കുറിച്ച് വിശദീകരണം തേടി മാധ്യമങ്ങൾ അയച്ച ഇമെയിലിന് ട്രൂജെറ്റും ട്രൂജെറ്റിലെ ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല.