മുംബൈ: ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വികാസിന്റെ വീട്ടിലെത്തിയാണ് ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി ടി.ആർ.പി റേറ്റിങ് പെരുപ്പിച്ചു എന്നതാണ് കേസ്. ഒക്ടോബർ ആറിനാണ് ഇത് സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബാരോമീറ്റർ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാൻസ് റിസർച് ഗ്രൂപ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടി.വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗിനെ അടക്കം 12 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ നഗരത്തിൽ ടി.ആർ.പി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാൻസ് റിസർച് ഗ്രൂപ് ബാരോമീറ്റർ സ്ഥാപിച്ചത്. വീടുകളിൽ ആളുകൾ ഇല്ലാത്തപ്പോഴും പ്രത്യേക ചാനലുകൾ തുറന്ന് വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ പണം പറ്റിയ നാലു ചാനൽ ഉപഭോക്താക്കൾ കേസിൽ സാക്ഷികളാണ്. ഇവർ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.