അഗർത്തല: ത്രിപുരയിലെ കൊവിഡ് കേസുകൾ 1,963 ആയി ഉയർന്നു. ഞായറാഴ്ച 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഉയർന്നത്. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ഉണ്ടായതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ആയതായി അധികൃതർ അറിയിച്ചു.
പുതിയ കൊവിഡ് കേസുകളിൽ പശ്ചിമ ത്രിപുര ജില്ലയിൽ 12 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സെപജിജാല, ഗോമാതി എന്നിവിടങ്ങളിൽ അഞ്ച് വീതവും വടക്കൻ ത്രിപുര ജില്ലയിൽ നാല് വീതവും ഖോവായ്, ഉനകോട്ടി എന്നിവിടങ്ങളിൽ രണ്ട് വീതവും ധലൈ, സൗത്ത് ത്രിപുര ജില്ലകളിൽ ഒന്ന് വീതവും കൊവിഡ് കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
അഗർത്തല ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ (എജിഎംസി) ശനിയാഴ്ച വൈകിട്ടാണ് 72 കാരനായ കൊവിഡ് രോഗി മരിച്ചത്. ഇതോടെയാണ് സംസ്ഥാനത്തെ കൊവിഡ് മരണം രണ്ടായതെന്ന് ആരോഗ്യ സെക്രട്ടറി സഞ്ജയ് കുമാർ രാകേഷ് പറഞ്ഞു.
ഖോവായ് ജില്ല സ്വദേശിയായ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും കരൾ സംബന്ധമായ അസുഖങ്ങളുമായാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് ഇയാൾ മരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ് ശനിയാഴ്ച വൈകിട്ട് ട്വീറ്ററിലൂടെ അറിയിച്ചു.
ജൂൺ ഒമ്പതിനാണ് സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്.